നന്ദികാട്ടുകുടുംബത്തില്‍ യോഗാഭ്യാസിയും, ദേവീഉപാസകനും, മന്ത്രസിദ്ധി ഉള്ളതുമായ ഒരു പ്രവാചകന്‍ (യോഗീശ്വരന്‍) താമസിച്ചിരുന്നു. അദ്ദേഹം കുടമാളൂര്‍ താമസിച്ചിരുന്ന കാലത്ത് കുമാരനല്ലൂര്‍ ക്ഷേത്ത്രത്തില്‍ ഭജനം ഇരുന്നു ദേവീപ്രീതി വരുത്തി ഉപാസിച്ചു ദേവീ ചൈതന്യം വാല്‍ക്കണ്ണാടിയില്‍ ആവാഹിച്ചു സ്വകുടുംബത്തിലെ അറപ്പുരയില്‍ വെച്ച് പൂജിച്ചു വന്നു.

കാലാന്തരത്തില്‍ പൂജയും മറ്റും മുടങ്ങുകയും ചെയ്തു. അങ്ങനെ കുടുംബത്തില്‍ പല തരത്തിലുള്ള അധ:പതനം സംഭവിക്കുകയും ഉണ്ടായി. ദേവി ഈ ഇരിപ്പിടത്തില്‍ പ്രീതയായിരുന്നില്ല. പിന്നീട് അഷ്ടമംഗല്യ പ്രശ്ന വിധിപ്രകാരം ദേശ ജനങ്ങളുമായി ആലോചിച്ചു ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് ഉത്തമ ശില്പ്പിയെക്കൊണ്ട് കണക്കുണ്ടാക്കി ക്ഷേത്രം പണിയിച്ചു ഒരു ശുഭ മുഹൂര്‍ത്തത്തില്‍ അറപ്പുരയില്‍ നിന്നും ചൈതന്യം ആവാഹിച്ചു ബിംബം പ്രതിഷ്ഠിച്ചു.

പൂജ ചെയ്യുന്നതിനായി കോട്ടയത്തുനിനടുത്തു മരിയപ്പിള്ളി എന്ന സ്ഥലത്തുനിന്നും ഒരു ബ്രാഹ്മണ കുടുംബത്തെ വരുത്തി കോവിലടുത്തുമടത്തില്‍ (കൊലത്തുമടം) താമസിപ്പിച്ചു. പൂജാദ്രവ്യങ്ങള്‍ ഒരുക്കുന്നതിനായി ചേര്‍ത്തലയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഉണ്ണിമാരെ വരുത്തി കോവില്ച്ചേരി(കോയിച്ചേരി) യില്‍ താമസിപ്പിച്ചു. സോപാന സേവയ്ക്കായി പറൂര്‍ കുടുംബത്തെ ചുമതലപ്പെടുത്തി.

ദേവീപ്രതിഷ്ഠ

അഞ്ജനശിലയില്‍ കമനീയമായ ചതുര്‍ ബാഹുക്കലോടുകൂടി, ചക്ര, വരദ, അഭയയായി വിരാജിക്കുന്നു. കൊല്ലവര്‍ഷം 1089 മാണ്ട് മീനമാസം 3 നു ക്ഷേത്രം പുനരുദ്ധാരണം ചെയ്തു പ്രതിഷ്ഠ നടത്തി.

ചതുര ശ്രീകോവില്‍ ചെമ്പുപാളി മേഞ്ഞിരിക്കുന്നു. തിരുവാഭരണങ്ങള്‍ സ്വര്‍ണ തിരുമുഖം, വെള്ളി, അങ്കിപ്രഭ മുതലായവയും, അനേകം വ്യക്തികള്‍ വിലപിടിപ്പുള്ള ആഭരണങ്ങളും കഴ്ച്ചവെചിട്ടുണ്ട്.

കണ്ടങ്കരിക്കാവ് ദേവസ്വം വകയായി ദേവിയുടെ തിരുനാമത്തില്‍ ദേവീവിലാസം ഹൈസ്കൂള്‍ പ്രശസ്തിയോടുകൂടി പ്രവര്‍ത്തിക്കുന്നു.

ഉത്സവം വൃശ്ചിക മാസത്തില്‍ ചതയം നാളില്‍ കൊടിയേറി കാര്‍ത്തിക വിളക്കും കഴിഞ്ഞു രോഹിണി നാളില്‍ ആറാട്ടോടുകൂടി സമാപിക്കുന്നു.

ക്ഷേത്ര ഭരണം നടത്തുന്നത് കണ്ടങ്കരിപുല്ലങ്ങടി കരയോഗങ്ങള്‍ സംയുക്തമായാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ കമ്മിറ്റി അംഗങ്ങളെ സംയുക്ത പോതുയോഗത്തിലൂടെ തിരഞ്ഞെടുക്കുന്നു.

കണ്ടങ്കരിക്കാവിലമ്മയെ ആശ്രയിച്ചുപാസിച്ചാല്‍ മംഗല്യസൗഭാഗ്യവും സന്താനലബ്ധിയും ഉണ്ടാകുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശാന്തസ്വരൂപിനിയായ ദുര്‍ഗാ ദേവിയുടെ ഭാവത്തിലുള്ള കാവിലമ്മ വരദായനിയായ ശ്രീ കാര്‍ത്യായനിദേവി എന്നുതന്നെ വിശ്വസിക്കപ്പെടുന്നു. സര്‍വാഭീഷ്ട വരദായനിയായ ജഗദംബിക, ഇന്ദുചൂഡപ്രിയ കണ്ടങ്കരിക്കാവിലമ്മ ഗ്രാമ ജനങ്ങളെ അനുഗ്രഹിച്ചു ഐശ്വര്യം ചൊരിഞ്ഞു നില്‍ക്കുന്നു..