ഐതിഹ്യം
നന്ദികാട്ട് കുടുംബത്തിൽ യോഗാഭ്യാസിയും ദേവീഉപാസകനും മന്ത്രസിദ്ധിയുള്ളതുമായ ഒരു പ്രവാചകൻ (യോഗീശ്വരൻ) താമസിച്ചിരുന്നു. അദ്ദേഹം കുടമാളൂർ താമസിച്ചിരുന്ന കാലത്ത് കുമാരനല്ലൂർ ക്ഷേത്രത്തിൽ ഭജനമിരുന്ന് ദേവീപ്രീതി വരുത്തി ഉപാസിച്ചു, ദേവീചൈതന്യം വാൽക്കണ്ണാടിയിൽ ആവാഹിച്ച് സ്വകുടുംബത്തിലെ അറപ്പുരയിൽ വെച്ച് പൂജിച്ചു വന്നു.
കാലാന്തരത്തിൽ പൂജയും മറ്റും മുടങ്ങുകയും കുടുംബത്തിൽ പലതരത്തിലുള്ള അധഃപതനം സംഭവിക്കുകയും ചെയ്തു. ദേവി ഈ ഇരിപ്പിടത്തിൽ പ്രീതയായിരുന്നില്ല. പിന്നീട് അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം ദേശജനങ്ങളുമായി ആലോചിച്ച്, ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് ഉത്തമ ശില്പിയെക്കൊണ്ട് കണക്കുണ്ടാക്കി ക്ഷേത്രം പണിയിച്ചു. ഒരു ശുഭമുഹൂർത്തത്തിൽ അറപ്പുരയിൽ നിന്നും ചൈതന്യം ആവാഹിച്ച് ബിംബം പ്രതിഷ്ഠിച്ചു.
- കുമാരനല്ലൂർഭജനമിരുന്ന് ദേവീചൈതന്യം വാൽക്കണ്ണാടിയിൽ ആവാഹിച്ചു
- നന്ദികാട്ട് അറപ്പുരകുടുംബത്തിലെ അറപ്പുരയിൽ ദേവീപൂജ
- അഷ്ടമംഗല്യ പ്രശ്നംദേശജനങ്ങളുമായി ആലോചിച്ച് ഇന്നത്തെ സ്ഥലത്ത് ക്ഷേത്രനിർമ്മാണം
- കൊല്ലവർഷം 1089 മീനം 3ക്ഷേത്ര പുനരുദ്ധാരണവും പ്രതിഷ്ഠയും (ക്രി.വ. 1914)
പൂജ ചെയ്യുന്നതിനായി കോട്ടയത്തിനടുത്ത് മരിയപ്പള്ളി എന്ന സ്ഥലത്തുനിന്നും ഒരു ബ്രാഹ്മണ കുടുംബത്തെ വരുത്തി കോവിലടുത്തുമഠത്തിൽ (കൊലത്തുമഠം) താമസിപ്പിച്ചു. പൂജാദ്രവ്യങ്ങൾ ഒരുക്കുന്നതിനായി ചേർത്തലയിലെ ഒരു ഗ്രാമത്തിൽ നിന്നും ഉണ്ണിമാരെ വരുത്തി കോവിൽച്ചേരിയിൽ (കോയിച്ചേരി) താമസിപ്പിച്ചു. സോപാനസേവയ്ക്കായി പറൂർ കുടുംബത്തെ ചുമതലപ്പെടുത്തി.
ദേവീപ്രതിഷ്ഠ
അഞ്ജനശിലയിൽ കമനീയമായ ചതുർബാഹുക്കളോടുകൂടി ചക്ര, വരദ, അഭയ മുദ്രകളുമായി ദേവി വിരാജിക്കുന്നു. കൊല്ലവർഷം 1089-ആമാണ്ട് മീനമാസം 3-ന് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പ്രതിഷ്ഠ നടത്തി.
ചതുരശ്രീകോവിൽ ചെമ്പുപാളി മേഞ്ഞിരിക്കുന്നു. തിരുവാഭരണങ്ങളായി സ്വർണ്ണ തിരുമുഖം, വെള്ളി അങ്കി, പ്രഭ മുതലായവയുണ്ട്. അനേകം ഭക്തർ വിലപിടിപ്പുള്ള ആഭരണങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
ഉത്സവം
ഉത്സവം വൃശ്ചിക മാസത്തിൽ ചതയം നാളിൽ കൊടിയേറി, കാർത്തിക വിളക്കും കഴിഞ്ഞ് രോഹിണി നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്നു.
ക്ഷേത്രഭരണം
ക്ഷേത്രഭരണം നടത്തുന്നത് കണ്ടങ്കരി, പുല്ലങ്ങടി കരയോഗങ്ങൾ സംയുക്തമായാണ്. രണ്ടു വർഷം കൂടുമ്പോൾ കമ്മിറ്റി അംഗങ്ങളെ സംയുക്ത പൊതുയോഗത്തിലൂടെ തിരഞ്ഞെടുക്കുന്നു.
ഭക്തവിശ്വാസം
കണ്ടങ്കരിക്കാവിലമ്മയെ ആശ്രയിച്ച് ഉപാസിച്ചാൽ മംഗല്യസൗഭാഗ്യവും സന്താനലബ്ധിയും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ശാന്തസ്വരൂപിണിയായ ദുർഗാദേവിയുടെ ഭാവത്തിലുള്ള കാവിലമ്മ വരദായിനിയായ ശ്രീ കാർത്യായനീദേവി എന്നുതന്നെ വിശ്വസിക്കപ്പെടുന്നു. സർവാഭീഷ്ട വരദായിനിയായ ജഗദംബിക, ഇന്ദുചൂഡപ്രിയ കണ്ടങ്കരിക്കാവിലമ്മ ഗ്രാമജനങ്ങളെ അനുഗ്രഹിച്ച് ഐശ്വര്യം ചൊരിഞ്ഞു നിൽക്കുന്നു.
കുഞ്ചൻ നമ്പ്യാരും കാവിലമ്മയും
ചാരുകേരളഭാഷയുടെ ശക്തിയും സൗന്ദര്യവും ഓരോ മലയാളിയുടെയും ഹൃദയത്തിലേക്കു പകർന്ന, മലയാളത്തിലെ എക്കാലത്തെയും വലിയ മഹാകവി കുഞ്ചൻ നമ്പ്യാർ എന്ന മഹാപ്രതിഭയ്ക്ക് പ്രചോദനമരുളിയത് സർവാഭീഷ്ട വരദായിനിയായ കണ്ടങ്കരിക്കാവിലമ്മയാണ്. ആ കലാകാരന്റെ പാദമുദ്രകൾ പതിഞ്ഞ കളത്തട്ട് കുട്ടനാട്ടിലെ കണ്ടങ്കരിയുടെയും കണ്ടങ്കരിക്കാവിന്റെയും അഭിമാനമാണ്.
നമ്പ്യാരുടെ കല്യാണസൗഗന്ധികം എന്ന കൃതിയിൽ കണ്ടങ്കരിക്കാവിലമ്മയെ ഇങ്ങനെ വന്ദിക്കുന്നു:
നന്ദികാരണ്യമാം മന്ദിരേവാഴുന്ന
മന്ദാരദാരുവാം ബാലരവിയുടെ
നന്ദിവരുത്തുന്ന കണ്ടങ്കരിക്കാവി-
ലിന്ദുചൂഡ പ്രിയേ വന്ദേ ഭഗവതി
ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂൾ
കണ്ടങ്കരിക്കാവ് ദേവസ്വം വകയായി ദേവിയുടെ തിരുനാമത്തിൽ ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രശസ്തിയോടുകൂടി പ്രവർത്തിക്കുന്നു.
സ്കൂളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ചേർക്കുന്നതാണ്.